കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.
പേരിനു പിറകിൽ
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.[3] ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളെ പരാമർശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഫ്രിയർ ജോർഡാനസ് ആണ് കാനനൂർ എന്ന് ആദ്യം രേഖപ്പെടുത്തിയത്.
ചരിത്രം
ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു. വടക്ക് വെങ്കിട മലനിരകൾ മുതൽ തെക്ക് കന്യാകുമാരി വരെ ഇരു കടലുകളും അതിർത്തി തീർക്കുന്ന വിശാലമായ ഭൂപ്രദേശമാണ് പുരാതന തമിഴകം.
1819- ൽ ജെ.ബബിങ്ങ്ടൺ, കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലുള്ള 'ബംങ്കാള മൊട്ടപ്പറമ്പിൽ' നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട് കല്ലറ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം 1823- ൽ 'മലബാറിലെ പാണ്ഡൂകൂലികളെക്കുറിച്ചുള്ള വിവരണം'(Discription of the pandoo coolies in malabar) എന്നൊരു ലേഖനം, ബോംബെ ആസ്ഥാനമായുള്ള ലിറ്ററി സൊസൈറ്റിയുടെ ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ബബിങ്ങ്ടനെത്തുടർന്ന് വില്യം ലോഗൻ, എ.റിയ, എ.അയ്യപ്പൻ, എം.ഡി.രാഘവൻ തുടങ്ങിയവരും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. [4]കണ്ണൂർ ജില്ലയിലെ ചെറുകുന്ന്,മാതമംഗലം, പെരിങ്ങോം, കല്ലിയാട്, കരിവെള്ളൂർ, കാവായി, വെള്ളൂർ, കുറ്റിയാട്ടൂർ, മലപ്പട്ടം, തൃച്ഛംബരം,നടുവില്‍,ചിറ്റാരിപ്പറമ്പ്, തളിപ്പറമ്പ്, ആലക്കോട്, വായാട്ടു പറമ്പ്,തളാവില്‍, ഇരിക്കൂര്‍,പുത്തൂർ, മാങ്ങാട്, നടുവപ്പുറം, ചിറ്റാരിപ്പറമ്പ്,കുഞ്ഞിമംഗലം, കാഞ്ഞിലേരി, ചെടിക്കുളം, കരപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്[4]
കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മൺപാത്രങ്ങൾ, നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകൾ, ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങൾ, തൃശൂലാകൃതിയിലുള്ള ആയുധങ്ങൾ, അരിവാളുകൾ, കത്തികൾ, ഉളികൾ, ചാട്ടുളികൾ, മണികൾ തുടങ്ങിയവയും വെങ്കല നിർമ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങൾ,മുത്തുമണികൾ, അസ്തികൾ തുടങ്ങിയവയുമാണ് കല്ലറകളിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്. ഇരുമ്പായുധങ്ങൾ അവരുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നവെന്ന് അനുമാനിക്കാം. ആയുധ നിർമ്മാണത്തിലുള്ള അവരുടെ വൈദഗ്ദ്ധ്യം എടുത്തുപറയത്തക്കതാണ്. കാർഷികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു. അതേ സമയം വേട്ടയാടലിന് ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ, വളരെ വൈവിധ്യമാർന്നവയും വ്യത്യസ്ത ഉപയോഗങ്ങൾ സൂചിപ്പിക്കുന്നവയും എണ്ണത്തിൽ കൂടുതലും ആയിരുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാർഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന് നിസ്സംശയം പറയാം. വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം.[4]
പ്ലിനി (എഡി.147) ടോളമി (സി.140 എ.ഡി.) തുടങ്ങിയ ആദ്യകാല ഗ്രീക്ക്-റോമൻ സഞ്ചാരികൾ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച് വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. മുഖ്യമായും വർണ്ണിച്ചിരിക്കുന്നത് സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ്. പ്രധാനപ്പെട്ട തുറമുഖങ്ങൾ, കച്ചവട ക്ന്ദങ്ങൾ, ചന്തകൾ, പ്രധാന കയറ്റുമതി-ഇറക്കുമതി സാമഗ്രികൾ, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യക്രമസാഹചര്യങ്ങൾ എന്നിവയും വർണിച്ചിട്ടുണ്ട്. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം, ആനക്കൊമ്പ്, വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളിൽപ്രധാനം. തുണിത്തരങ്ങൾ, റോമൻ വൈൻ, സ്വർണ്ണ-വെള്ളി നാണയങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തു. ധമരിക(ധമലിക അഥവാ തമിഴകം) യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ് നൗറയും ടിന്റിസും മുസിരിസും നെൽസിഡയും എന്ന് 'പെരിപ്ലസ് ഓഫ് എറിത്രിയൻ സീ (സി.എ.ഡി.70) സാക്ഷ്യപ്പെടുത്തുന്നു[4] ചരിത്രകാരന്മാർ പൊതുവിൽ അഭിപ്രായപെടുന്നത് 'നൗറ' വടക്കെ മലബാറിലെ കണ്ണൂർ എന്ന സ്ഥലമാണെന്നാണ്. ഡോ: ബാർണൽ, ഈ വ്യാപാര കേന്ദ്രങ്ങൾ കണ്ണൂരും തലശ്ശേരിയുമാണെന്ന് സമർത്ഥിക്കുന്നു. മേൽ പ്രസ്താവിച്ച പരാമർശങ്ങളിൽ നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാർ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കും ഈ പ്രദേശത്ത് എത്തിയിരുന്നുവെന്നും അനുമാനിക്കാം. ഈ അനുമാനങ്ങൾക്ക് ഉപോത്ബലകമാകുന്ന ധാരാളം തെളിവുകൾ നമുക്കു ലഭിച്ചിട്ടുണ്ട്. കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും 'പഞ്ച്-മാർക്ക്ഡ്' നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത് നിന്നാണ് കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്. ക്രിസ്തുവർഷത്തിന്റെ ആരംഭ കാലങ്ങളിൽ, അതായത്, ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ് ചക്രവർത്തി പുറത്തിറക്കിയ നാണയങ്ങൾ മുതൽ എ.ഡി.നാലാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ് ചക്രവർത്തിയുടെ നാണയങ്ങൾ വരെ കോട്ടയം ശേഖരത്തിലുണ്ട്. ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ് എന്നു സൂചിപ്പിക്കുന്നു. കോസ്മോസ് ഇൻഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ് സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി, മറാഹി, ബാഡ്ഫാട്ടൺ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഇവ യഥാക്രമം ഏഴിമല, മാടായി, വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു. [4]
സാംസ്കാരിക സവിശേഷതകൾ
തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”[5]. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതിഎന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം,അണ്ടല്ലൂർ കാവ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ക്ഷേത്രം,മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം, വയത്തൂർ വയനാട് കുലവൻ ക്ഷേത്രം, കുന്നത്തൂർപാടി ,പയ്യാവൂർ ശിവക്ഷേത്രം,മാമാനിക്കുന്നു മഹാദേവി ക്ഷേത്രം എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. ഇതിൽ അരങ്ങം ക്ഷേത്രവും മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രവും തികച്ചും തിരുവിതാംകൂർ ശൈലി പിന്തുടരുന്ന ക്ഷേത്രങ്ങളാണ്.ചുമർ ചിത്രകല കൊണ്ടു പ്രശസ്തമായതൊടീക്കളം ക്ഷേത്രം കണ്ണൂർ ജില്ലയിൽ ആണ്. കുടിയേറ്റ മേഖലയായ ആലക്കോട്ട് സ്ഥിതി ചെയ്യുന്ന അരങ്ങം ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാർ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ പി.ആർ. രാമവർമ രാജ ആണ്.
ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും, ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാർഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാർ ആയിരുന്നു. ഇന്ന് ജില്ലയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ മുന്നിലാണ് ഈ പ്രദേശങ്ങൾ.
ധാരാളം ക്രൈസ്തവ ആരാധനാലായങ്ങൾ ഈ മലയോര മേഖലയിൽ കാണാം. ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്.
ധാരാളം മുസ്ലീങ്ങൾ ഉള്ള ഒരു ജില്ലയാണ് കണ്ണൂർ. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. ഇപ്പോൾ കാർഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകൾ ജില്ലയിൽ പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറൂസ്” നടക്കാറുണ്ട്.
ഹൈന്ദവരുടെ ഉത്സവങ്ങളും ക്രൈസ്തവരുടെ പെരുന്നാളുകളും മുസ്ലീങ്ങളുടെ ഉറൂസും ഒരേ മനസ്സോടെ ആഘോഷിക്കുന്നവരാണ് ഇവിടത്തുകാർ.
തൊഴിൽ മേഖല
പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. റബ്ബർ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാനില, കപ്പ ,കശുവണ്ടി ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്.
കണ്ണൂർ കൈത്തറിയുടെയും ബീഡിയുടെയും നാട് കൂടിയാണ്. കണ്ണൂരിന്റെ പരമ്പരാഗത മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ്. കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴിൽ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ്. ഈ തൊഴിൽ മേഖലകൾ ഇന്ന് വലിയ തിരിച്ചടികൾ നേരിടുകയാണ്. കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് വിദേശങ്ങളിലും തൊഴിൽ ചെയ്യുന്നുണ്ട്.
പ്രത്യേകതകൾ
കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ല.
ഭൂമിശാസ്ത്രം
അതിരുകൾ
വടക്ക് കാസർഗോഡ് ജില്ല, കിഴക്ക് കർണ്ണാടക സംസ്ഥാനത്തിലെ കൂർഗ്ഗ് ജില്ല, തെക്ക് പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ മയ്യഴി, വയനാട്, കോഴിക്കോട് എന്നീ ജില്ലകൾ, പടിഞ്ഞാറ്‌അറബിക്കടൽ എന്നിവയാണ് കണ്ണൂർ ജില്ലയുടെ അതിർത്തികൾ. തെയ്യത്തിനെയും തിറകളുടെയും നാടാണ് കണ്ണൂര്.
വിദ്യാഭ്യാസം
വിദ്യാഭ്യാസ രംഗത്ത് കണ്ണൂർ വളരെ മുൻപന്തിയിലാണ് എന്നു പറയാം. ക്രൈസ്തവ മാനേജ്‌മെൻറുകൾ ഈ രംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയും ഗവഃ എഞ്ചിനീയറിങ് കോളേജും മാങ്ങാട്ട് പറമ്പിലും,നവോദയ വിദ്യാലയം ചെണ്ടയാടും സ്ഥിതി ചെയ്യുന്നു. പരിയാരം മെഡിക്കൽ കോളേജും ആയുർവേദ കോളേജും എടുത്തു പറയാവുന്ന സ്ഥാപനങ്ങളാണ്. കാർഷിക യൂണിവേർസിറ്റിയുടെ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂരും “ഡയറ്റ്” പാലയാടും പ്രവർത്തിക്കുന്നു. കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.
ആരോഗ്യം
ആരോഗ്യ രംഗത്ത് എടുത്തു പറയാവുന്നവ പരിയാരം മെഡിക്കൽ കോളേജ്, ഗവ: ആയുർവേദ മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവ മാത്രമാണ്. ധാരാളം സ്വകാര്യ ആശുപത്രികൾ ഉണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സക്ക് പലപ്പോഴും മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.ഇതു കൂടാതെ ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിലെ പാളയത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയം
കണ്ണൂർ എന്നും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂർ. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ എന്നിവർക്കും ജന്മം നൽകിയ നാടാണിത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കൾ കണ്ണൂരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കർഷക സമരങ്ങൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. കയ്യൂർ, മൊറാഴ, പാടിക്കുന്ന്, കാവുമ്പായി, കരിവെള്ളൂർ തുടങ്ങി അനേകം സമരങ്ങൾ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹകാലത്ത് പയ്യന്നൂരിലും ഉപ്പു കുറുക്കൽ സമരം നടക്കുകയുണ്ടായി. കണ്ണൂരിലെ പരമ്പരാഗത മേഖലകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണെങ്കിൽ, കുടിയേറ്റ മേഖലയിൽ കോൺഗ്രസ്- കേരള കോൺഗ്രസ് കക്ഷികൾ ശക്തമാണ്. മുസ്ലീം കേന്ദ്രങ്ങൾ മുസ്ലീം ലീഗ് ശക്തി കേന്ദ്രങ്ങളാണ്. ജില്ലയിലെ ചിലയിടങ്ങളിൽ ബി.ജെ.പി.യും ശക്തമാണ്. ജില്ലയിൽ പതിനൊന്നു നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. കണ്ണൂർ, അഴീക്കോട്, ധർമടം, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ, പയ്യന്നൂർ, കല്യാശേരി എന്നിവ. കണ്ണൂർ പാർലമെൻറ് മണ്ഡലവും വടകര മണ്ഡലത്തിന്റെ ചില ഭാഗങ്ങളും ഈ ജില്ലയിൽ ഉൾപ്പെടുന്നു.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2006-ൽ ഏറ്റവും കൂടുതൽ അക്രമം നടന്ന സ്ഥലം കണ്ണൂർ ജില്ലയാണ്. ഇക്കാലയളവിൽ 737 അക്രമക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്[6].
ഗതാഗതം
റോഡ് ഗതാഗതം
77 കിലോമീറ്റർ ദേശീയ പാതയും 245 കിലോമീറ്റർ സംസ്ഥാന പാതയും 1453 കിലോമീറ്റർ ജില്ലാ റോഡുകളും കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്നുണ്ട്.
തീവണ്ടി ഗതാഗതം
13 തീവണ്ടിനിലയങ്ങൾ കണ്ണൂർ ജില്ലയിൽ ഉണ്ട്.
- പയ്യന്നൂർ തീവണ്ടിനിലയം
- ഏഴിമല തീവണ്ടിനിലയം
- പഴയങ്ങാടി തീവണ്ടിനിലയം
- കണ്ണപുരം തീവണ്ടിനിലയം
- പാപ്പിനിശ്ശേരി തീവണ്ടിനിലയം
- വളപട്ടണം തീവണ്ടിനിലയം
- ചിറക്കൽ തീവണ്ടിനിലയം
- കണ്ണൂർ മെയിൻ തീവണ്ടിനിലയം
- കണ്ണൂർ സൗത്ത് തീവണ്ടിനിലയം
- എടക്കാട് തീവണ്ടിനിലയം
- ധർമടം തീവണ്ടിനിലയം
- തലശ്ശേരി തീവണ്ടിനിലയം
- ജഗന്നാഥ ടെമ്പിൾ ഗേറ്റ്
താലൂക്കുകൾ
ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
നഗരസഭകൾ
വിനോദസഞ്ചാര കേന്ദ്രങ്ങൾ
- പയ്യാമ്പലം കടപ്പുറം
- കണ്ണൂർ കോട്ട
- പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം
- പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം
- മീൻകുന്ന് കടപ്പുറം
- തലശ്ശേരി കോട്ട
- മുഴപ്പിലങ്ങാട് കടപ്പുറം
- ഏഴിമല
- മലയാള കലാഗ്രാമം
- പഴശ്ശി അണക്കെട്ട്
- മാപ്പിള ബേ
- ഗുണ്ടർട്ട് ബംഗ്ലാവ്
- തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
- പയ്യാവൂർ ശിവക്ഷേത്രം
- പൈതൽ മല
- കാഞ്ഞിരക്കൊല്ലി
- തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം
Source : Wikipedia