വൈദ്യുതോൽപ്പാദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ( Arch dam) ഇടുക്കി അണക്കെട്ട് ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്.
വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത
അതിർത്തികൾ
വടക്ക് തൃശ്ശൂർ ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ Theni ജില്ല, പടിഞ്ഞാറ് എറണാകുളം,കോട്ടയം ജില്ലകൾ, തെക്ക് പത്തനംതിട്ട ജില്ലയുമാണ് ഇടുക്കി ജില്ലയുടെ അതിർത്തികൾ.
ചരിത്രം
കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയിൽ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേർത്ത് 1972ജനുവരി 26നു് രൂപീകരിക്കപ്പെട്ട ഇടിക്കി ജില്ലയുടെ പേരു് ഇടുക്കി ജില്ല എന്നാക്കിക്കൊണ്ടു് പിന്നീടു് സർക്കാർ വിജ്ഞാപനമിറക്കി[7]. തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്.
കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.
കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.
ഭൂപ്രകൃതി
കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. അവയിൽ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ.
നദികളും അണക്കെട്ടുകളും
പെരിയാർ, തൊടുപുഴയാർ, കാളിയാർ എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയിൽ നിന്നാണ്. പെരിയാർ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയിൽ നിന്നും ഉൽഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകൾ പെരിയാറിനു കുറുകേ നിർമ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ലോവർപെരിയാർ അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.
കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കൽ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാർകുട്ടി അണക്കെട്ട്തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങൾ, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.
സാമ്പത്തികം
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. പുഷ്പങ്ങൾ, കൂൺ , മരുന്നുചെടികൾ, വാനില മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു. 0=== കാർഷിക വിളകൾ === സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻകിട കാർഷിക കമ്പനികളാണ്.
ഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളർത്തലിന് അനുയോജ്യമാണ്. പശു, എരുമ, ആട് മുതലായവയാണ് പ്രധാന വളർത്തു മൃഗങ്ങൾ. മാട്ടുപ്പെട്ടിയിലെകാലിവളർത്തൽ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. കന്നുകാലികളുടെ വംശ വർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോത്പാദനത്തിനുമായി തയ്യാറാക്കിയ മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം ഇവിടെയാണ്.
വിനോദസഞ്ചാരം
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
- മൂന്നാർ, ഇടുക്കി, തേക്കടി, എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിൻറെ സുവർണ്ണ ത്രികോണം എന്ന് വിളിക്കുന്നത്.
- മൂന്നാർ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലമടക്കിലെ സുഖവാസകേന്ദ്രം കൊച്ചിയിൽ നിന്നു 136 കി.മീ. അകലെ. നീലക്കുറിഞ്ഞി പൂക്കുന്ന
സ്ഥലമെന്ന പ്രശസ്തിയുമുണ്ട്. - തേക്കടി: പെരിയാർ തടാകവും വന്യമൃഗസംരക്ഷണ കേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാർ നദിക്ക് കുറുകെ മുൻ മദ്രാസ് ഗവൺമെൻറ് 1895-ൽ അണകെട്ടിയപ്പോൾ രൂപം കൊണ്ടതാണ് തടാകം. ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് 1934-ൽ സ്ഥാപിച്ച വന്യമൃഗ സംരക്ഷണ കേന്ദ്രം വിസ്തീർണ്ണം 777 ച.കി.മീ. 1978-ൽ ഇത് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
- കുമളി: തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കുമളിയിൽ നിന്ന് 13.കി.മീ. സഞ്ചരിച്ചാൽ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെത്താം.
- പീരുമേട്: പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് നിർമ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.
- രാമക്കൽമേട്: ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമമായ രാമക്കൽമേട് മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്ര നിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽ മലയിൽനിന്നും താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാൻ കഴിയും.
തീർത്ഥാടന കേന്ദ്രങ്ങൾ
മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം,വാഗമൺ കുരിശുമല, രാജാകുമാരി പള്ളി, പഴയവിടുതി പള്ളി, തങ്ങൾപാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം മുതലായവ ഇടുക്കിയിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളാണ്.
ഗതാഗതം
തീവണ്ടിപ്പാത ഇല്ലാത്തതിനാൽ റോഡുമാർഗ്ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ദേശീയപാത 49ഉം ദേശീയപാത 220ഉം, 8,13,[അവലംബം ആവശ്യമാണ്] 14, 17,18, 19, 21 എന്നീ സംസ്ഥാനപാതകളും ജില്ലയിലൂടെ കടന്നുപോകുന്നു.